കൊച്ചി: എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒപ്പം കുളിക്കാനിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആൽബിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വയനാട് മാനന്തവാടി സ്വദേശി അർജുന്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് നടത്തിയ പരിശോധനക്കൊടുവിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ 3 യുവാക്കളാണ് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരാണ് ഒഴുക്കിൽപെട്ടത്. അതിൽ ആൽവിൻ ഏലിയാസ് എന്ന യുവാവിന്റെ മൃതദേഹം ഇന്നലെ നടത്തിയ തെരച്ചിലിൽ തന്നെ ലഭിച്ചിരുന്നു.
ഇന്നലെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും അർജുന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒഴുക്കിൽപെട്ട ആ സ്ഥലത്ത് വെച്ച് തന്നെയാണ് ഉച്ചയോട് കൂടി മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കോളേജിൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. കൊച്ചി സ്വദേശിയായ യുവാവിനൊപ്പമാണ് ഇവർ കുളിക്കാനെത്തിയത്. കൊച്ചി സ്വദേശിയായ യുവാവ് തന്നെയാണ് ഇവർ ഒഴുക്കിൽപെട്ട വിവരം തൊട്ടടുത്ത ഫയർഫോഴ്സ് ഓഫീസിൽ അറിയിച്ചത്. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമുമാണ് തെരച്ചിൽ നടത്തിയത്.