കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ എൻജിൻ റൂമിലെ തകരാർ പരിശോധിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. ഷഹബേദ് ദാസാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾ കുഴഞ്ഞുവീണതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീരത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ വെച്ച് എൻജിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കാനിറങ്ങിയപ്പോഴാണ് തൊഴിലാളികൾക്ക് അപകടം സംഭവിച്ചത്. എൻജിൻ റൂമിലെ വാതകങ്ങളോ ഓക്സിജൻ കുറവോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചു വരികയാണ്.
