ഭാരത് ​ഗൗരവ് സ്പെഷ്യൽ ട്രെയിനിൽ ഭക്ഷ്യവിഷബാധ, 80ഓളം യാത്രക്കാർക്ക് ഛർദ്ദിയും അതിസാരവും

news image
Nov 29, 2023, 7:35 am GMT+0000 payyolionline.in

ചെന്നൈ:  ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിലെ 80 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ചെന്നൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കാണ് വയറുവേദവയും അതിസാരവുമുടക്കം രോ​ഗങ്ങൾ പിടിപെട്ടത്. ട്രെയിൻ പൂനെ സ്റ്റേഷനിൽ എത്താനിരിക്കെയാണ് സംഭവം. ഗുജറാത്തിലെ പലിതാനയിലേക്ക് തീർഥാടനത്തിനായി സ്വകാര്യ വ്യക്തിയാണ് ട്രെയിൻ ബുക്ക് ചെയ്തത്. ഏകദേശം 1,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പല യാത്രക്കാർക്കും തലകറക്കവും വയറുവേദനയും ഛർദ്ദിയും അതിസാരവും അനുഭവപ്പെട്ടു.

മെഡിക്കൽ സഹായം നൽകുന്നതിനായി റെയിൽവേ ആശുപത്രിയിലെ ഡോക്ടർമാരെയും റൂബി ഹാളിലെ ഡോക്ടർമാരെയും മറ്റ് റെയിൽവേ ഉദ്യോഗസ്ഥരെയും പൂനെ സ്റ്റേഷനിലേക്ക് അയച്ചെന്ന് ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരും പിആർഒയുമായ രാംദാസ് ഭിസെ പറഞ്ഞു.

രാത്രി 11.25 ന് ട്രെയിൻ പൂനെ സ്റ്റേഷനിൽ എത്തി. ഉടൻ തന്നെ ചികിത്സ നൽകുകയും 12.30ഓടെ യാത്ര തുടരുകയും ചെയ്തു. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ല. പുറപ്പെടുന്നതിന് മുമ്പ് ട്രെയിൻ വിശദമായി പരിശോധിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ട്രെയിനിൽ അടുക്കള സൗകര്യം ഇല്ലായിരുന്നു. സോലാപൂരിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള വാദി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുണ്ട്. എവിടെനിന്നാണ് ഭക്ഷണം കഴിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതായും അധികൃതർ അറിയിച്ചു. റെയിൽവേ ഭക്ഷണം നൽകിയിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe