ഭൂപതിവു നിയമഭേദഗതി കരട് റവന്യു മന്ത്രി തിരിച്ചയച്ചു

news image
Nov 28, 2022, 3:44 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ സർക്കാർ ഭൂപതിവു ചട്ടപ്രകാരം പട്ടയം നൽകിയ ഭൂമിയിൽ പാറഖനനവും നിർമാണപ്രവർത്തനങ്ങളും ഉൾപ്പെടെ അനുവദിക്കാൻ ഉള്ള നിയമഭേദഗതിയുടെ കരട് റവന്യു മന്ത്രി കെ.രാജൻ കൂടുതൽ വിശദീകരണം തേടി അഡ്വക്കറ്റ് ജനറലിനു തിരിച്ചയച്ചു. വിവിധ ഭൂപതിവു ചട്ടങ്ങളുടെ അടിസ്ഥാനമായ 1960ലെ നിയമം തന്നെ ഭേദഗതി ചെയ്യണമെന്നാണ് അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശം. നിയമ വകുപ്പും ഇക്കാര്യം അംഗീകരിച്ചു.

എന്നാൽ, ഫയൽ പരിശോധിച്ച റവന്യു മന്ത്രി, ഈ ഭേദഗതി ശുപാർശകൾ അനുസരിച്ച് ഖനന പ്രവർത്തനങ്ങൾ അനുവദനീയമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന അഭിപ്രായത്തോടെയാണ് അഡ്വക്കറ്റ് ജനറലിന് തിരിച്ചയച്ചത്. ഭൂപതിവു ചട്ടപ്രകാരം അനുവദിച്ച ഭൂമിയിൽ പാറഖനനം അനുവദിക്കണമെന്ന് ഒരു കൂട്ടം ക്വാറി ഉടമകൾ നൽകിയ പ്രത്യേക അനുമതി ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇത്തരം പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. പാറമട ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്ന റവന്യു ഉദ്യോഗസ്ഥരുടെ നടപടികൾക്ക് ഹൈക്കോടതി അംഗീകാരം നൽകുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്താണ് ക്വാറി ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്.

1964ലെ ഭൂപതിവു ചട്ടപ്രകാരം സ്വകാര്യ വ്യക്തികൾക്കും കുടുംബങ്ങൾക്കും പതിച്ചു നൽകിയ ഭൂമി സംബന്ധിച്ചാണ് ഏറെയും പ്രശ്നങ്ങൾ. കൃഷി, ഭവനനിർമാണം, വസ്തുവിന്റെ ഗുണകരമായ അനുഭവം (വഴി പോലുള്ളവ) എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് അനുവാദം. എന്നാൽ, ഭൂമി ലഭിച്ചവരും തലമുറകളായി കൈമാറി കിട്ടിയവരും പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ ഇതു സാമൂഹികപ്രശ്നമായി പരിണമിച്ചതോടെയാണ് ജനകീയ ആവശ്യങ്ങൾ പരിഗണിക്കുന്നു എന്ന പേരിൽ ചട്ടഭേദഗതിക്കു സർക്കാർ ശ്രമം തുടങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe