കേരളത്തില്‍ നിന്നും ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

news image
Nov 28, 2022, 3:41 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി. ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് ആക്രമണമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം. ഇന്ന് വൈകീട്ടോടെ ലക്ഷ്യസ്ഥാനത്തേക്കെത്തുമന്ന് ആംബുലൻസ് ഡ്രൈവർ ഫഹദ് പറഞ്ഞു.

കോഴിക്കോട് ട്രെയിൻതട്ടി മരിച്ച ബിഹാർ പുർണിയ സ്വദേശിയുടെ മൃതദേഹവുമായി പോകുന്നതിനിടെ, ഇന്നലെ രാവിലെ ജബൽപൂർ – റിവ ദേശീയ പാതയിൽ വച്ചാണ് ആംബുലൻസ് ആക്രമിക്കപ്പെട്ടത്. ചില്ലുകൾ തകർന്നതോടെ യാത്ര തുടരാനാവാത്ത അവസ്ഥ. ദിവസങ്ങൾ പഴക്കമുളള മൃതദേഹമുമായി വഴിയരികിൽ നിൽക്കുന്നതിൽ ആശങ്കയുണ്ടെന്ന് കാണിച്ച് റിവ പൊലീസിൽ ആംബുലൻസ് ഡ്രൈവർ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.

ആംബുലൻസ് ആക്രമിക്കപ്പെട്ട വാർത്ത പുറത്തുവന്നതോടെയാണ് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ ഇടപെട്ട് ബിഹാർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത്. തുടർന്ന് രാത്രിയോടെ പുർണിയ എസ് പി വിഷയത്തിലിടപെട്ടു. ബിഹാർ പൊലീസ് അകമ്പടിയോടെ ആംബുലൻസ് വീണ്ടും യാത്ര തുടങ്ങി

ദേശീയ പാതയയിൽ ആളൊഴിഞ്ഞയിടത്തുവച്ചായിരുന്നു ആക്രമണം. വെടിവെപ്പാണെന്നും അക്രമികൾ ആരെന്നറിയില്ലെന്നും ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ റിവ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe