മംഗളൂരു ബോംബ് സ്‌ഫോടനം: കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസ്- എൻഐഎ റെയ്ഡ്

news image
Nov 23, 2022, 3:58 am GMT+0000 payyolionline.in

മംഗളൂരു : മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി.

ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കര്‍ണാടക പൊലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പൊലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂർ സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ്സ്റ്റാന്‍ഡില്‍ സമാനമായ സ്ഫോടനത്തിനായിരുന്നു പദ്ധതി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് സ്ഫോടനത്തിന് പിന്നിലെ സൂത്രധാരന്‍. ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്‍റെ വിവരങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചു. മംഗ്ലൂരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങിയെന്നാണ് കർണാടക പൊലീസിന്റെ കണ്ടെത്തൽ.

സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വ്യാജ ആധാർ കാര്‍ഡും കോയമ്പത്തൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉപയോഗിച്ചായിരുന്നു ഷാരിഖിന്‍റെ പ്രവര്‍ത്തനം. പ്രംരാജ് എന്ന പേരിലാണ് മംഗ്ലൂരുവില്‍ കഴിഞ്ഞിരുന്നത്. ആദിയോഗി ശിവ പ്രതിമയുടെ ചിത്രമായിരുന്നു പ്രൊഫൈലിലുണ്ടായിരുന്നത്. ഇഷ ഫൗണ്ടേഷന്‍റേത് എന്ന പേരിലൊരു വ്യാജ  ഗ്രൂപ്പിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂരുവിലെ വാടവീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മിച്ചത്. വലിയ സ്ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുക്കര്‍ ബോംബുമായി ബസ്സില്‍ മംഗ്ലൂരുവിലെത്തി ഓട്ടോയില്‍ പോകുന്നതിനിടെയായിരുന്നു സ്ഫോടനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe