കൊല്ലം: സുപ്രീം കോടതി അനുമതിയെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി കേരളത്തിലെത്തി. ബെംഗളൂരുവിൽനിന്നു വിമാനമാഗം തിരുവനന്തപുരത്ത് എത്തിയ മഅദനി, അവിടെനിന്നു റോഡ് മാർഗം കരുനാഗപ്പള്ളിയിലേക്കു പോയി. ഭാര്യ സൂഫിയ, മക്കൾ, സഹായികൾ തുടങ്ങിയവരും ഒപ്പമുണ്ട്. അൻവാർശേരിയിലെ വസതിയിൽ കഴിയുന്ന രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും.
ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെയാണ് കേരളത്തിലെത്തിയത്. റോഡ് മാർഗം ഐസിയു ആംബുലൻസിലാണ് അൻവാർശേരിയിലേക്കുള്ള യാത്ര. തുടർന്ന് അടുത്തുള്ള വേങ്ങ തോട്ടുവാൽ മൻസിലിൽ എത്തി രോഗബാധിതനായ പിതാവ് അബ്ദുൽ സമദിനെ കാണും. പിതാവിന്റെ കൂടെ ഏതാനും ദിവസം ചെലവഴിച്ചതിനുശേഷം ചികിത്സയ്ക്കായി എറണാകുളത്തേക്കു പോകാനാണു തീരുമാനം. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നു വ്യവസ്ഥയുണ്ട്.
ഏപ്രിലിൽ രണ്ടരമാസം കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി അനുമതി നൽകിയെങ്കിലും സുരക്ഷയ്ക്കായി കർണാടക പൊലീസ് 51 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യാത്ര നീണ്ടു. പിന്നീട് 12 ദിവസത്തേക്കു കേരളത്തിലെത്തിയെങ്കിലും പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ ഗുരുതരമായതോടെ എറണാകുളത്ത് ആശുപത്രിയിലായി. തുടർന്ന്, പിതാവിനെ സന്ദർശിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.