‘1800 മണിക്കൂറിന്റെ നിശബ്ദക്ക് ശേഷം 30 സെക്കന്റ് സംസാരിച്ചു’; മണിപ്പൂർ സംഭവത്തിൽ മോദിക്കെതിരെ പ്രതിപക്ഷം

news image
Jul 20, 2023, 11:40 am GMT+0000 payyolionline.in

ദില്ലി: മണിപ്പൂരിൽ യുവതികളെ ന​ഗ്നരാക്കി നടത്തിക്കുകയും ലൈം​ഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം. 1800 മണിക്കൂറിലധികമുള്ള പൊറുക്കാനാകാത്ത നിശബ്ദതയ്ക്ക് ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് 30 സെക്കൻഡ് സംസാരിച്ചെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. മണിപ്പൂരിലെ ഭരണ പരാജയങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരെയാ കുറ്റകൃത്യങ്ങളിൽ ഊന്നി സംസാരിച്ചു. എംപി, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അവഗണിക്കാനു ശ്രദ്ധിച്ചെന്നും കോൺഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

വംശീയ സംഘർഷത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി പൂർണമായും വിട്ടുനിന്നെന്നും സമാധാനത്തിന് അഭ്യർത്ഥിച്ചില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനുള്ളിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. മണിപ്പൂരിൽ, അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 15 ദിവസമെടുത്തു. ഇന്ന് 64 ദിവസത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ മുഖ്യമന്ത്രി അവകാശപ്പെട്ടു. മണിപ്പൂരിൽ ക്രമസമാധാനവും ഭരണവും പൂർണമായി തകർന്നെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ വേദന പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തിയിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് മോദി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസമാണ് കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത വീഡിയോ പുറത്തുവന്നത്. സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്. സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വ രഹിതവുമെന്ന് ബീരേൻ സിങ് വിമർശിച്ചു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe