മഅ്ദനിയുടെ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി; ആരോഗ്യ നില വഷളാണെന്ന് അഭിഭാഷകൻ

news image
Apr 13, 2023, 7:17 am GMT+0000 payyolionline.in

ന്യൂഡൽഹി: ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നതായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. മഅ്ദനിക്കു വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് സുപ്രീംകോടതിയിൽ ഹാജരായത്. മഅ്ദനിയുടെ ആരോഗ്യനില വഷളാണെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു. ആയുർവേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.

കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ലെന്ന് മഅ്ദനിക്കു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കേസിൽ ഒരു സത്യവാങ്മൂലം കൂടി സമർപ്പിക്കാനുണ്ടെന്നാണ് കർണാടക സർക്കാരിന്റെ നിലപാട്.

കുറച്ചുനാൾ മുൻപ് പക്ഷാഘാത ലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്ക് വിധേയമാക്കി. പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷി കുറയുക തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നും നിർദേശിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe