മണിപ്പൂർ സംഭവത്തിൽ മോദി മാപ്പ്‌ പറയണമായിരുന്നു; തൃശൂർ സീറ്റ്‌ കണ്ട്‌ ആരും പനിക്കേണ്ട: മന്ത്രി കെ രാജൻ

news image
Jan 4, 2024, 6:21 am GMT+0000 payyolionline.in

തൃശൂർ > മണിപ്പൂരിലെ ദാരുണമായ സംഭവത്തിൽ മോദി മാപ്പ് പറയണമായിരുന്നുവെന്ന് മന്ത്രി കെ രാജൻ. വടക്കുംനാഥന്റെ മണ്ണിൽ വനിതകളുടെ മുന്നിൽ മോദി അത് ഏറ്റു പറയണമായിരുന്നു. മൈക്കും കുഴലും കിട്ടിയാൽ എന്തും പറയാം എന്ന് വിചാരിക്കരുതെന്നും, ആൾക്കൂട്ടത്തിന്റെ കയ്യടി കിട്ടാൻ ചിലർ എന്തും പറയുമെന്നും കെ സുരേന്ദ്രന്റെ വിമര്ശനങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപ് വനിതാ സംവരണ ബില്ല് നടപ്പിലാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോ?. മോദി വന്നതുകൊണ്ട് തൃശൂരിൽ കച്ചവടക്കാർക്ക് നേട്ടമുണ്ടായി. നല്ല കച്ചവടം തന്നതിന് നന്ദിയുണ്ട്‌. സ്വർണ്ണക്കടത്ത് കേസിൽ ഏഴര കൊല്ലമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെ ഒന്ന് സ്‌പർശിക്കാൻ കഴിഞ്ഞില്ല. പലരും പടച്ചുവിടുന്ന അപസർപ്പക കഥകളെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘ഞങ്ങൾ ഇതിനെ ഭയപ്പെടുന്നില്ല. ഏത് അന്വേഷണത്തെയും നേരിടാൻ ഒരു പ്രയാസവും ഇല്ല എന്ന് നേരത്തെ പറഞ്ഞതാണ്. ഇതുവരെ ഏത് കഥയാണ് നിങ്ങൾക്ക് കിട്ടിയത്. പ്രധാനമന്ത്രി എന്ന പദത്തിലിരുന്ന് മോദി ഇങ്ങനെ പറയാമോ എന്ന് പുനരാലോചിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം കട്ട് ആൻഡ് പേസ്റ്റ് ആണ്. പിന്നെ തൃശ്ശൂർ സീറ്റ്, ആരും ആ കട്ടില് കണ്ടു പനിക്കേണ്ട’, മന്ത്രി കെ രാജൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe