പയ്യോളി: യുവകലാസാഹിതി മണിയൂർ ഇ. ബാലൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം പ്രമുഖ എഴുത്തുകാരൻ ഡോ. വത്സലൻ വാതുശ്ശേരിക്ക് സമ്മാനിച്ചു. വത്സലൻ വാതുശ്ശേരിയുടെ ‘ഗെയിം പ്ലാൻ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. തിക്കോടി സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി.കെ. പോക്കർ പുരസ്കാരദാനം നിർവഹിച്ചു.
മനുഷ്യന്റെ ആസൂത്രണങ്ങളെ അട്ടിമറിച്ച് ജീവിതവും ലോകവും അതിന്റെതായ വഴികളിലൂടെ സഞ്ചരിക്കുന്നത് മനോഹരമായി ചിത്രീകരിച്ച കൃതിയാണ് ‘ഗെയിം പ്ലാൻ’ എന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി. സാംസ്കാരികമായ ഔന്നിത്യത്തിലൂടെ മാത്രമേ മനുഷ്യജീവിതം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനാവുകയുള്ളൂ എന്നും പുതിയ കാലഘട്ടത്തിൽ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. പി.കെ. പോക്കർ പറഞ്ഞു.
യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ശശികുമാർ പുറമേരി റിപ്പോർട്ട് അവതരിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. കെ.വി. ആനന്ദൻ മാസ്റ്റർ അവാർഡ് കൃതി പരിചയപ്പെടുത്തി. പി. ജാനകി ടീച്ചർ, പ്രദീപ് കണിയാരക്കൽ, സി.സി. ഗംഗാധരൻ, കെ. ശശിധരൻ, പി.പി. സുധീർ രാജ്, ബാലൻ കേളോത്ത്, പുരസ്കാര ജേതാവ് വത്സലൻ വാതുശ്ശേരി എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന കഥയരങ്ങിൽ ഇ.വി. വാസു, സൈഫുദ്ദീൻ പി.കെ, ഉഷാ സി. നമ്പ്യാർ, കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ്, റമീന പയ്യോളി എന്നിവർ കഥകൾ അവതരിപ്പിച്ചു.
