‘മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ല’ ; ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

news image
Oct 17, 2022, 9:32 am GMT+0000 payyolionline.in

തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്നും സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, സർക്കാർ-ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സിപിഎമ്മാണ് ഗവർണറെ കുറ്റം പറയുന്നത്. നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സതീശൻ, പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും ചോദിച്ചു. വിഴിഞ്ഞം സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്താണെന്ന് ചോദിച്ച വി ഡി സതീശന്‍, ഇത് തന്നെയാണ് എൻഡോസൾഫാൻ സമരത്തിന്റെ അവസ്ഥയെന്നും കുറ്റപ്പെടുത്തി. ദയാബായിയെ കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe