മന്ത്രിസ്ഥാനത്തിന് വേണ്ടി ആരെയും കണ്ടിട്ടില്ല, ഒരു യാത്രയും സംഘടിപ്പിക്കുന്നില്ല; ചാണ്ടി ഉമ്മൻ

news image
May 20, 2026, 3:43 am GMT+0000 payyolionline.in

പുതുപ്പള്ളി: പുതുപ്പള്ളിയിൽ നിന്നും സ്‌നേഹയാത്രയെന്ന പേരിൽ തിരുവനന്തപുരത്തേക്ക് യാത്ര നടത്തുന്നില്ലെന്ന് റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. അനൗണ്ട്‌സ്‌മെന്റ്, ഫ്‌ളക്‌സ് എന്നിവയെല്ലാം ചില പ്രവർത്തകർ ആവേശം കൊണ്ട് ചെയ്തതാണ്. അതെല്ലാം ഒഴിവാക്കണമെന്നും തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങി സ്വീകരണം ഏറ്റുവാങ്ങില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവിന്റെ അനുഗ്രഹം തേടിയാണ് പുതുപ്പള്ളിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വി ഡി സതീശൻ മന്ത്രിസഭയിൽ താൻ ഉണ്ടാകില്ലെന്ന് മുമ്പേ അറിഞ്ഞതാണെന്നും സ്ഥാനത്തിന് വേണ്ടി താൻ ആരേയും കണ്ടിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ താനില്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. പരിഗണിച്ചാൽ പരിഗണിക്കട്ടെ പരിഗണിച്ചില്ലെങ്കിലും പ്രശ്‌നമില്ല എന്നുള്ളതായിരുന്നു നിലപാടെന്നും അദ്ദേഹം പറഞ്ഞു. പലരും വിളിച്ച് അഭിനന്ദിച്ചു അവരോട് ഒരു തീരുമാനവും വന്നിട്ടില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ഇതുമായി ബന്ധപ്പെട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അനുഗ്രഹം തേടി സന്ദർശിച്ചിരുന്നു. മാധ്യമങ്ങളാണ് പ്രതീക്ഷ ജനങ്ങൾക്ക് കൊടുത്തത്. ഏഴ് പേരുടെ പേരുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടതിൽ ആറു പേരും മന്ത്രിസഭയിലെത്തി. അത് പലർക്കും വേദനയുണ്ടാക്കിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വി ഡി സതീശൻ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടത് കൊണ്ട്, തന്നോട് അദ്ദേഹം അത്തരത്തിൽ പെരുമാറുമെന്നും ഒരിക്കലും കരുതുന്നില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഒഴിവാക്കപ്പെട്ടതിന്റെ കാരണം എന്താണെന്ന് അറിയില്ല. എന്നാൽ രാഷ്ട്രീയ ജീവിതത്തിൽ ഒരു കറയും ഏൽക്കാതെ ഇരിക്കാനായിരിക്കും ദൈവം ഇങ്ങനെയൊരു നിയോഗം ഉണ്ടാക്കിയതെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിതാവ് ഉമ്മൻ ചാണ്ടിയെ 9 വർഷത്തോളം സോളാർ ആരോപണത്തിൽ നിർത്തിയത് മുഖ്യമന്ത്രി പദമാണെന്നും അദ്ദേഹം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe