മലപ്പുറം∙ തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരി സുചിത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കനത്ത പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകം നടന്ന വിഷ്ണുവിന്റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെ വാഹനത്തിൽനിന്നു പുറത്തിറക്കിയതു മുതൽ നാട്ടുകാർ ചുറ്റും കൂടി.
പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവരുന്നതറിഞ്ഞ് വിഷ്ണുവിന്റെ വീടിനു ചുറ്റും നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ഇവരെ വാഹനത്തിൽനിന്ന് പുറത്തിറക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. ‘‘മറ്റുള്ള കേസുപോലെ ഇത് ഒതുക്കി വിടാൻ സമ്മതിക്കില്ല. അനിൽകുമാർ എംഎൽഎയ്ക്കും ഇതിൽ പങ്കുണ്ട്, ഉന്നതർക്ക് ഇതിൽ പങ്കുണ്ട്. ആരൊക്കെ ഇതിൽ ഇടപെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയണം. ഇതങ്ങനെ ഒതുക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഇതിൽ ഞാൻ മാത്രമല്ല ഉന്നതർക്കും പങ്കുണ്ടെന്ന് പ്രതി പറഞ്ഞതാണ്’’ എന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നു. പ്രതികൾക്കു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. പൊലീസ് ഇടപെട്ട് നാട്ടുകാരെ തള്ളിമാറ്റി പ്രതികളെ തിരികെ ജീപ്പിൽ കയറ്റി തിരിച്ചുകൊണ്ടുപോയി.
ഈ മാസം 11ന് കാണാതായ തുവ്വൂർ പള്ളിപ്പറമ്പ് മാങ്കൂത്ത് സുജിതയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കാണാതായ അന്ന് ഉച്ചയ്ക്ക് സുജിതയെ വീട്ടിൽവച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി. വീട്ടുവളപ്പിലെ കുഴിയിലാണ് കുഴിച്ചിട്ടത്. തെളിവ് നശിപ്പിക്കാൻ കുഴിക്കു മുകളിൽ മെറ്റൽ വിതറി. തുടക്കംതൊട്ടേ കേസ് വഴിതിരിച്ചുവിടാൻ വിഷ്ണു നടത്തിയ ശ്രമം, പൊലീസ് മൃതദേഹം കണ്ടെത്തിയതോടെ പൊളിയുകയായിരുന്നു.