കോഴിക്കോട്∙ പെരുവണ്ണാമൂഴിയിൽനിന്ന് നഗരത്തിലേക്ക് ജലവിതരണം നടത്തുന്ന പൈപ്പ് മലാപ്പറമ്പ് ജംക്ഷനിൽ മാറ്റുന്ന പ്രവൃത്തി 5, 6 തീയതികളിൽ പൂർത്തിയാക്കും. ഇതുസംബന്ധിച്ച അനിശ്ചിതത്വത്തിന് ഇന്നലെയാണ് വിരാമമായത്. പ്രവൃത്തി നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ കോർപറേഷൻ, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂർ, അരിക്കുളം പഞ്ചായത്തുകളിലും ഫറോക്ക് നഗരസഭയിലും 4ന് അർധരാത്രി മുതൽ 6ന് അർധരാത്രിവരെ ജലവിതരണം പൂർണമായും മുടങ്ങും.
ഈ പ്രദേശങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർവസ്ഥിതിയിലാവാൻ ഒരു ദിവസം കൂടി അധികസമയമെടുക്കുമെന്നും ജല അതോറിറ്റി പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. ദേശീയ പാത മുറിച്ചുകടക്കുന്ന ഈ പൈപ്പ് മാറ്റൽ പൂർത്തിയാക്കിയാൽ മാത്രമേ മലാപ്പറമ്പ് ജംക്ഷനിൽ ദേശീയ പാതയുടെ നിർമാണം പുനരാരംഭിക്കാനാകൂ. ഇവിടെ 3 വരി പാത തുറന്നാൽ മാത്രമേ ഇപ്പോൾ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത സ്തംഭനം അവസാനിപ്പിക്കാൻ സാധിക്കൂ.
പൈപ്പിടീൽ പാതയ്ക്കടിയിലൂടെ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ഇരുഭാഗത്തും ഇതിന്റെ ജോയിന്റ് പ്രവൃത്തിയാണ് പൂർത്തിയാക്കാനുള്ളത്. വിഷുവിനു മുൻപ് ദേശീയ പാതയിൽ 3 വരി തുറന്ന് മലാപ്പറമ്പ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനാണ് കരാറുകാരുടെ പരിശ്രമം. ഇതിനു സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാക്കണം. പൈപ്പിടീൽ പൂർത്തിയാക്കിയിട്ടുവേണം ആ ഭാഗത്തെ സംരക്ഷണഭിത്തിനിർമാണം തീർക്കാൻ.