മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

news image
Sep 1, 2026, 5:49 am GMT+0000 payyolionline.in

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കർ (അവുക്ക – 80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ രാത്രി 12-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രശസ്ത തബലിസ്റ്റു കൂടിയായ അദ്ദേഹം പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. രോഗബാധിതനാകുന്നതിന് രണ്ടു ദിവസം മുമ്പും പുതിയ പാട്ടിന് ഈണമിട്ടിരുന്ന അദ്ദേഹം, മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

​യേശുദാസ് ആലപിച്ച ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ വൻ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖ ഗായകരെല്ലാം ഇദ്ദേഹത്തിന്റെ ഈണങ്ങളിൽ പാടിയിട്ടുണ്ട്. ‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് രോഗശയ്യയിലാകുന്നത്.

​ജി. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കർ. നടൻ മാമുക്കോയ സഹപാഠിയായിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അദ്ദേഹം സംഗീതലോകത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. കെ.വി. സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവരാണ് മക്കൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe