ന്യൂഡൽഹി: മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.
ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.