മുംബൈയിൽ 6000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു; 4 പേർ അറസ്റ്റിൽ

news image
Jul 8, 2023, 1:26 pm GMT+0000 payyolionline.in

മുംബൈ : രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ഭുതപ്പെടുത്തുന്ന നിരവധി മോഷണ സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഒരു പാലം തന്നെ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് 90 അടി നീളവും, 6000 കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുംബൈയിലെ മലാഡ് വെസ്റ്റിൽ നിന്ന് കഴിഞ്ഞ മാസം 26 നാണ് പാലം മോഷണം പോയതെന്നാണ് വിവരം. തൊണ്ണൂറ് അടി നീളമുള്ള ഈ പാലത്തിന്റെ ഭാരം ആറായിരം കിലോ ആയിരുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊന്ന്. അദാനി ഇലക്‌ട്രിസിറ്റിൻ്റെ വലിയ വൈദ്യുതി കേബിളുകൾ കൊണ്ടുപോകുന്നതിനാണ് താല്‍ക്കാലിക ഇരുമ്പ് പാലം നിർമ്മിച്ചതെന്ന് ബംഗൂർ നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വർഷം ഏപ്രിലിൽ ഇവിടെ ഒരു കോണ്‍ക്രീറ്റ് പാലം വന്നതിനെ തുടർന്ന് ഇരുമ്പ് പാലം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ജൂൺ 26 ന് അദാനി ഇലക്‌ട്രിസിറ്റി അധികൃതർ പാലം പരിശോധിക്കാനെത്തിയപ്പോഴാണ് പാലം കാണാനില്ലെന്ന് കണ്ടെത്തിയത്. പാലം നിർമ്മിക്കുന്നതിന് കരാർ ഏറ്റെടുത്ത കമ്പനി തന്നെ ഇത് സംബന്ധിച്ച് ബംഗൂർ നഗർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ചിലർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പാലം മുറിച്ചുമാറ്റുകയും പിന്നീട് എടുത്തുകൊണ്ടുപോവുകയുമായിരുന്നു എന്ന് പൊലീസ് മനസ്സിലാക്കി.

ഇവിടെ സിസിടിവി ഇല്ലാതിരുന്നതിനാൽ സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു കേസന്വേഷണം. നിലവിൽ പാലം മോഷണവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ അദാനി ഇലക്‌ട്രിസിറ്റിക്ക് പാലം പണിയാൻ കരാർ നൽകിയ കമ്പനിയിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങളെല്ലാം പൊലീസ് കണ്ടെടുത്തതായി അദാനി ഇലക്‌ട്രിസിറ്റി വക്താവ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe