മുംബൈ വിമാനത്താവളത്തിൽ 4 കോടി രൂപയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

news image
Jan 5, 2025, 12:35 pm GMT+0000 payyolionline.in

 

മുംബൈ: ബാങ്കോക്കിൽ നിന്ന് 4.147 കിലോ കഞ്ചാവുമായി മലയാളി യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. 4.14 കോടി രൂപയുടെ കഞ്ചാവുമായാണ് കോഴിക്കോട് സ്വദേശി മുംബൈയിൽ പിടിയിലായത്. മണ്ണ് രഹിത രീതിയിൽ ഉത്പാദിപ്പിച്ച കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് പറമ്പ് എന്ന 26കാരൻ മുംബൈയിലെത്തിയത്.

ബാങ്കോക്കിൽ നിന്ന് നോക് എയറിന്റെ ഡിഡി 938 വിമാനത്തിലാണ് 26കാരൻ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ട്രോളി ബാഗിൽ നിന്ന് പത്ത് പ്ലാസ്റ്റിക ബാഗുകളിലായാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയിൽ ഉൽപാദിപ്പിച്ച കഞ്ചാവ് ഇയാൾ കൊണ്ടുവന്നത്. വയറിൽ കെട്ടിവച്ച് ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് മുംബൈയിലെത്തിയപ്പോഴേയ്ക്കും ഇത് ട്രോളി ബാഗിലാക്കിയിരുന്നു. കാസർഗോഡ് സ്വദേശിയായ അഹമ്മദ് എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

വൻതുക കമ്മീഷൻ ലഭിക്കുമെന്ന വാഗ്ദാനത്തിൽ വീണാണ് കഞ്ചാവുമായി എത്തിയതെന്നാണ് യുവാവ് കസ്റ്റംസിനോട് വിശദമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ലെറ്ററുകൾ രേഖപ്പെടുത്തിയ ചെറുകവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ 2പേരെ അറസ്റ്റ് ചെയ്തതായാണ് കസ്റ്റംസ് വിശദമാക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe