ദില്ലി : സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായി കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജീയം ശുപാർശ. ശുപാർശ കേന്ദ്രത്തിന് കൊളീജിയം കൈമാറി. ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയെയും സുപ്രീം കോടതി ജഡ്ജിയാക്കാനും കൊളീജീയം ശുപാർശ നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആർ ഷാ എന്നിവർ വിരമിച്ച ഒഴിവിലേക്ക് ഇരുവരെയും ജഡ്ജിമാരാക്കാനാണ് ശുപാർശ.
32 വർഷമായി അഭിഭാഷകനാണ് കെ വി വിശ്വനാഥൻ. സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2009ലാണ് സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് കെ വി വിശ്വനാഥൻ. കൊളീജീയം ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ 2030ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ വി വിശ്വനാഥൻ എത്തും.