മൂവാറ്റുപുഴയില്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനി മരിച്ചു

news image
Jul 27, 2023, 3:32 am GMT+0000 payyolionline.in

മൂവാറ്റുപുഴ∙   കോളജിനു മുന്നി‍ൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിനിക്കും ബൈക്ക് യാത്രികനും പരുക്കേറ്റു. നിർമല കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിയായ വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിത (19) ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവക്കുളം മണിമലയിൽ എം.ഡി ജയരാജന്റെ മകൾ അനുശ്രീ രാജ് (19), ബൈക്ക് യാത്രികൻ ഏനാനല്ലൂർ കിഴക്കേമുട്ടത്ത് ആൻസൺ റോയ് (22) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

മൂവാറ്റുപുഴ നിർമല കോളജിന് മുന്നിൽ ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടം. അമിതവേഗത്തിൽ എത്തിയ ബൈക്ക് റോഡ് കുറുകെ കടക്കുകയായിരുന്ന വിദ്യാർഥിനികൾക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയ് തെറിച്ച് എതിരെ വരികയായിരുന്ന ബസിനടിയിലേക്കു വീണു. ഇന്നലെ കോളജിനു മുന്നിലൂടെ ആൻസൺ ബൈക്കുമായി പലവട്ടം തലങ്ങും വിലങ്ങും പാഞ്ഞിരുന്നുവെന്നു വിദ്യാർഥികൾ പറയുന്നു.  അപകടത്തിനു ശേഷം ആൻസണെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചവരോട് ഇയാൾ മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe