വാനമ്പാടി കെ എസ്‌ ചിത്രക്ക്‌ ഇന്ന്‌ പിറന്നാൾ

news image
Jul 27, 2023, 3:01 am GMT+0000 payyolionline.in

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടി കെ എസ്‌ ചിത്രക്ക്‌ വ്യാഴാഴ്‌ച അറുപതാം ജന്മദിനം. പിറന്നാളാഘോഷം പതിവില്ലാത്തതിനാൽ കൊച്ചിയിൽ സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ വിധി കർത്താവായി പോകുമെന്ന് ചിത്ര പറഞ്ഞു.  44 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ ഇരുപത്തയ്യായിരത്തിലേറെ ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും പാടിയത്‌ ശരിയായില്ല, ഒന്നുകൂടെ മൈക്ക്‌ തരുമോയെന്ന്‌ ചോദിച്ച്‌ പാടുന്ന ഗായികയാണ് ഇന്നും ചിത്ര.

 

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചേച്ചി ബീനയുടെ പാട്ട്‌ റെക്കോഡിങ്ങിന്‌ ഒപ്പം പോയപ്പോൾ അവിചാരിതമായി പാടിയ ഹമ്മിങ്ങാണ്‌ ചിത്രയുടെ റെക്കോഡ്‌ ചെയ്‌ത ആദ്യശബ്ദം. എം ജി രാധാകൃഷ്ണന്റെ ആൽബത്തിലും അദ്ദേഹം സംഗീതമൊരുക്കിയ അട്ടഹാസം എന്ന സിനിമയിലും പാടി. ആ സിനിമ പുറത്തിറങ്ങിയില്ല. 1982ൽ ഞാൻ ഏകനാണ്‌ എന്ന ചിത്രത്തിൽ സത്യൻ അന്തിക്കാട്‌ എഴുതിയ  പ്രണയം വസന്തം എന്ന പാട്ടിലൂടെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തി. പിന്നീട് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും വിദേശഭാഷകളിലും അവർ വാനമ്പാടിയായി.

വിവിധ ഭാഷകളിലായി മികച്ച ഗായികയ്‌ക്കുള്ള 37 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അതിൽ 16 തവണയും മലയാളത്തിലൂടെയായിരുന്നു. ആറ്‌ ദേശീയ പുരസ്‌കാരവും 2021ൽ പത്മവിഭൂഷണും നേടി. ബ്രിട്ടീഷ്‌ പാർലമെന്റിന്റെ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയുമായി.

ഇത്രയേറെ പെർഫെക്‌ഷനോടെ പാടുന്ന പാട്ടുകാരികൾ അധികമില്ലെന്ന്‌ സംഗീത നിരൂപകൻ രവി മേനോൻ പറയുന്നു. സംഗീതസംവിധായകരുടെ സൗഭാഗ്യമാണ്‌ ചിത്ര. എത്ര വിഷമമുള്ള ട്യൂണിട്ടാലും അവർ ആഗ്രഹിക്കുന്നതിനു മുകളിൽ പാടാൻ കഴിവുള്ള പാട്ടുകാരിയാണ്‌ ചിത്രയെന്നും അദ്ദേഹം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe