മെഡലുകൾ ഗംഗയിൽ ഒഴുക്കി പ്രതിഷേധിക്കാൻ ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി

news image
May 30, 2023, 1:25 pm GMT+0000 payyolionline.in

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തങ്ങളോട് കാട്ടുന്ന കനത്ത നീതിനിഷേധത്തിനെതിരെ മെഡലുകൾ ഗംഗയിൽ ഒഴുക്കി പ്രതിഷേധിക്കാൻ ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയ താരങ്ങളാണ് തങ്ങളുടെ മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കുന്നത്. നീതി നിഷേധിക്കപ്പെട്ടുവെന്ന് പറഞ്ഞ താരങ്ങൾ ഗംഗാതീരത്ത് മെഡലുകളുമായി വിങ്ങിപ്പൊട്ടി.

ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തെ കേന്ദ്ര സർക്കാർ അടിച്ചമർത്തുന്ന പശ്ചാത്തലത്തിലാണ് ഗുസ്തി താരങ്ങൾ കടുത്ത സമരമുഖം തുറന്നത്. മെഡലുകൾ ഗംഗയിലൊഴുക്കാനും ഇന്ത്യാഗേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും തീരുമാനിക്കുകയായിരുന്നു.

ഞങ്ങളുടെ കഴുത്തിൽ അലങ്കാരമായി കിടക്കുന്ന ഈ മെഡലുകൾക്ക് ഇനി അർഥമില്ല. അവ തിരിച്ചു നൽകുക എന്നത് ചിന്തിക്കുന്നതു പോലും എന്നെ കൊല്ലുന്നതിന് തുല്യമാണ്. എന്നാൽ ആത്മാഭിമാനം പണയം വെച്ചുള്ള ജീവിതം കൊണ്ട് എന്ത് കാര്യമാണുള്ളത്. അതിനാൽ ഞങ്ങൾ ഇന്ത്യഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാരമിരിക്കും- സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.

ഈ മെഡലുകൾ ഞങ്ങൾ ആർക്കാണ് തിരിച്ചു നൽകേണ്ടതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. വനിതയായ പ്രസിഡന്റ് സമരം ചെയ്യുന്ന ഞങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ അപ്പുറം ഇരുന്ന് അവർ ഇതെല്ലാം കാണുന്നു. പക്ഷേ, ഒന്നും മിണ്ടുന്നില്ല – സാക്ഷി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe