മോദിക്ക് കത്തയച്ച ദിനം വന്ന നീറ്റ് ഫലം; സ്റ്റാലിനെതിരെ ആയുധമാക്കി ബിജെപി, തമിഴ്നാടിന്‍റെ നേട്ടം കാട്ടി വിമർശനം

news image
Jun 14, 2023, 2:15 am GMT+0000 payyolionline.in

ചെന്നൈ: നീറ്റ് പരീക്ഷ ഫലം പുറത്ത് വന്നതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിൻ കത്തയച്ചിരുന്നു. ഈ ദിനം തന്നെ വന്ന നീറ്റ് ഫലത്തില്‍ മിന്നുന്ന നേട്ടമാണ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയത്. ഈ നീറ്റ് ഫലം ഡിഎംകെയ്ക്ക് പാഠമെന്നാണ് പിന്നാലെ തമിഴ്നാട് ബിജെപി പ്രതികരിച്ചത്.

നീറ്റിനെ രാഷ്ട്രീയവത്കരിക്കാൻ ഡിഎംകെ ശ്രമിച്ചെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ തുറന്നടിച്ചു. നീറ്റ് റാങ്കിംഗില്‍ ആദ്യ എഴിൽ നാല് പേരും തമിഴ്നാട്ടിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമര്‍ശനം കടുപ്പിച്ചത്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഡിഎംകെ ഇതിന് മറുപടി നല്‍കുന്നത്.  നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കുമെന്നാണ് സ്റ്റാലിൻ മോദിക്ക് അയച്ച കത്തിൽ പറയുന്നത്.

അമിത്ഷായുടെ സന്ദർശനത്തിന് പിന്നാലെയായിരുന്നു സ്റ്റാലിന്‍റെ നീക്കം. ഡിഎംകെ ഇപ്പോൾ നീറ്റ് വിരുദ്ധ ബിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണ്. നീറ്റ് പരീക്ഷ ഒഴിവാക്കി കൊണ്ട് പ്ലസ് ടൂ മാർക്ക് കണക്കാക്കി മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന പഴയ രീതി കൊണ്ടുവരണം എന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുമോ എന്നുള്ള ആശങ്ക കാരണം വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പാവപ്പെട്ട തമിഴ് വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാക്കുന്നതാണ് നീറ്റ് പരീക്ഷ, അതൊഴിവാക്കണം എന്നാണ് തമിഴ്നാടിന്റെ ആവശ്യം. അതേസമയം,  ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലത്തിൽ തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. 720 മാർക്കു നേടിയാണ് ഇരുവരും ആദ്യ റാങ്ക് പങ്കിട്ടത്.

തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി. 23–ാം റാങ്ക് നേടിയ മലയാളിയായ ആർ.എസ്. ആര്യയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ആര്യയ്ക്ക് 711 മാർക്കാണ്. ദേശീയതലത്തിൽ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആദ്യ 10 റാങ്ക് ജേതാക്കളിൽ 4 പേർ തമിഴ്നാട് സ്വദേശികൾ. പരീക്ഷയെഴുതിയ 133450 മലയാളികളിൽ 75362 പേർ യോഗ്യത നേടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe