മൽസ്യബന്ധനത്തിനിടെ ചാവക്കാട് വള്ളംമുങ്ങിയ സംഭവം; കാണാതായ മൂന്നുപേരും രക്ഷപ്പെട്ടു

news image
Dec 13, 2022, 1:50 pm GMT+0000 payyolionline.in

തൃശ്ശൂര്‍: ചാവക്കാട് മൽസ്യബന്ധനത്തിനിടെ ഫൈബർ ബോട്ട്  മുങ്ങി കാണാതായ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട എടക്കഴിയൂർ സ്വദേശി മൻസൂർ, കുളച്ചൽ സ്വദേശി ജഗൻ എന്നിവർ കടലിൽ നീന്തുന്നത് മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരെ ബോട്ടിൽ പൊന്നാനി തീരത്തെത്തിച്ചു. കുളച്ചൽ സ്വദേശിയായ ബാലു എന്ന തൊഴിലാളിയെ പൊന്നാനി കോസ്റ്റൽ പൊലീസാണ് രക്ഷപ്പെടുത്തിയത്. പൊന്നാനി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ  മൂന്ന് പേർക്കും കാര്യമായ ആരോഗ്യപ്രശ്നമില്ല.

അതേസമയം കാസർകോട്ട് ബോട്ട് അപകടത്തിൽപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലിസ് രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ  സ്റ്റിയറിംഗ് പൊട്ടി  ബോട്ട് നിയന്ത്രണം വിടുകയായിരുന്നു. കമലാക്ഷിയമ്മ എന്ന ബോട്ടിലെ  തൊഴിലാളികളായ ബാബു, വത്സൻ , രാജൻ, വിജയൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ശക്തമായ കാറ്റും മഴയും മൂലം ബോട്ട് കെട്ടിവലിച്ച് കൊണ്ടുവരുവാൻ കഴിയാത്തതിനാൽ സംഭവസ്ഥലത്ത് തന്നെ നങ്കുരമിട്ടു വെച്ചു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയവരെ കരയിലെത്തിക്കാനായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe