‘യാത്ര മുടങ്ങിയത് സജി ചെറിയാന്‍റെ പിടിപ്പുകേട് മൂലം’: കാരണമുണ്ടെന്ന് വി മുരളീധരന്‍

news image
May 12, 2023, 2:24 pm GMT+0000 payyolionline.in

തിരുവനന്തപുരം: ബഹ്റൈന്‍ യാത്രയ്ക്ക് സജി ചെറിയാന്‍ അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ദിവസം മുമ്പ് മാത്രമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. പത്താം തിയതിയിലെ യാത്രക്കുള്ള അപേക്ഷ ഒന്‍പതാം തിയതി മാത്രമാണ് വിദേശകാര്യവകുപ്പില്‍ ലഭിച്ചത്. പതിനൊന്നാം തിയതി അനുവാദം നല്‍കിയെന്ന് വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി. യാത്രാനുമതിക്ക് മുമ്പ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യവകുപ്പിലെ ബന്ധപ്പെട്ട ഡസ്കിന്‍റെയും പരിശോധന ആവശ്യമാണ്.

ഈ നടപടികള്‍ക്ക് കുറഞ്ഞത് ഒരു ദിവസമെങ്കിലും വേണമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  സാധാരണഗതിയിൽ യാത്രയ്ക്ക് 15 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകേണ്ടതാണ്.  അവസാന നിമിഷം മാത്രം അപേക്ഷ സമര്‍പ്പിച്ചത് എന്തുകൊണ്ടെന്ന് സജി ചെറിയാന്‍ വിശദീകരിക്കണമെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ സ്റ്റാഫിനു പോലും ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ല. അബുദബി ഇന്‍വെസ്റ്റ്മെന്‍റ് ഫോറത്തില്‍ കേരള മുഖ്യമന്ത്രിക്ക് റോളില്ലെന്ന് വിദേശകാര്യവകുപ്പിന് ബോധ്യപ്പെട്ടതിനാലാണ് അനുമതി നിഷേധിച്ചത്. പല മുഖ്യമന്ത്രിമാരും അപേക്ഷിച്ചെങ്കിലും അനുമതി നല്‍കിയില്ല. സംസ്ഥാനത്തിനും രാജ്യത്തിനും അപമാനമുണ്ടാകുന്ന തരത്തിലുള്ള പങ്കാളിത്തം ഉണ്ടാകരുത് എന്നതിനാലാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി സജി ചെറിയാന് വിദേശയാത്രാനുമതി നൽകുന്നതിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ അജ്മാനിലും വൈകിട്ട് ബഹ്റൈനിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ആണ് മന്ത്രി കേന്ദ്രത്തോട് വിദേശയാത്രാനുമതി തേടിയിരുന്നത്.  ഏറെ വൈകി യാത്രാനുമതി നൽകുകയായിരുന്നു എന്നായിരുന്നു  റിപ്പോർട്ട്. മലയാളം മിഷന്റെ പരിപാടികളിൽ പങ്കെടുക്കാൻ ആണ് മന്ത്രി ഗൾഫിലേക്ക് പോകാൻ അനുമതി തേടിയത്. അനുമതി വൈകിയതോടെ സജി ചെറിയാന്റെ യുഎഇ ബഹ്റൈൻ യാത്ര റദ്ദാക്കിയിരുന്നു.

നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രം വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു. യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് പങ്കെടുക്കാനാണ് മുഖ്യമന്ത്രി യാത്രാനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം തടയുകയായിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ അമേരിക്ക, ക്യൂബൻ സന്ദർശനങ്ങൾക്കായും കേന്ദ്രത്തോട് യാത്രാനുമതി തേടിയിട്ടുണ്ട്.

അടുത്തമാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദർശിക്കാനിരിക്കുന്നത്. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. യുഎസിൽ ലോക കേരള സഭയുടെ റീജ്യണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസിൽ ചർച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങളാണ് സംഘത്തിലുള്ളത്. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe