യുഎഇയില്‍ സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം; സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം

news image
Dec 10, 2022, 12:47 pm GMT+0000 payyolionline.in

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ച ഒരു സ്വകാര്യ കമ്പനിക്കെതിരെ അന്വേഷണം. അന്വേഷണം സംബന്ധിച്ച വിവരം ശനിയാഴ്‍ചയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന കമ്പനിയുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

യുഎഇ സ്വദേശികള്‍ക്കായി ‘പ്രത്യേക നൈപ്യുണ്യം ആവശ്യമില്ലാത്ത’ ജോലികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഈ കമ്പനി പ്രസിദ്ധീകരിച്ച പരസ്യമാണ് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലേക്ക് നയിച്ചത്. പരസ്യം നല്‍കിയ കമ്പനി രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണ നിയമങ്ങള്‍ക്ക് പുറമെ മാധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് പാലിക്കേണ്ട മാനദണ്ഡങ്ങളും ലംഘിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വേണ്ടി പുറത്തിറക്കിയ 2022ലെ 279-ാം മന്ത്രിതല നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ പരസ്യമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും അപവാദ പ്രചരണങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കും വേണ്ടിയുള്ള ഫെഡറല്‍ പ്രോസിക്യൂഷന്‍ വിഭാഗമാണ് പരസ്യം നല്‍കിയ കമ്പനിയുടെ  സിഇഒക്കെതിരെ അന്വേഷണം നടത്തുന്നത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥാപനങ്ങളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സ്വദേശിവതകരണ നിബന്ധനകള്‍ പാലിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചിരിക്കണമെന്ന് അധികൃതര്‍ കമ്പനികളോട് ആവശ്യപ്പെട്ടു. യുഎഇയില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്കരണ നയം അനുസരിച്ച് ‘വിദഗ്ധ തൊഴിലുകളിലാണ്’ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കേണ്ടത്. കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും സ്വദേശികള്‍ക്ക് ഏത് തസ്‍തികയിലാണ് നിയമനം നല്‍കിയതെന്ന് പ്രത്യേകമായി നിരീക്ഷിക്കുമെന്നും യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe