രക്തബന്ധമുള്ള കുട്ടിയെങ്കിൽ വന്ദനയെ ഒറ്റയ്‌ക്കാക്കുമായിരുന്നോ? പൊലീസിനെതിരെ സുരേഷ് ഗോപി

news image
May 11, 2023, 5:48 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്‌ക്കാക്കിയെന്നു ചോദിച്ച സുരേഷ് ഗോപി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു.

 

‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ.’ – സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ പുലർച്ചെ നാലരയോടെയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവം. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. രാത്രി 8 മണിയോടെ വന്ദനയുടെ മൃതദേഹം മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe