രാജ്ഭവനിൽ ഗവർണറുടെ ചായസത്ക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

news image
Jan 26, 2024, 3:47 pm GMT+0000 payyolionline.in

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായസത്ക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിലാണ് അറ്റ് ഹോം വിരുന്ന് ഒരുക്കിയിരുന്നത്. ഇന്ന് രാവിലെ നടന്ന റിപ്പബ്ളിക് ദിന പരിപാടിയിലും ​ഗവർണറും മുഖ്യമന്ത്രിയും മുഖത്തോട് മുഖം പോലും നോക്കാതെയാണ് പങ്കെടുത്തത്. അടുത്തടുത്ത് ഇരുന്നിട്ടും ഇരുവരും ഒന്നും മിണ്ടിയില്ല. പരിപാടി കഴിഞ്ഞ് മടങ്ങിയ ഗവർണ്ണർ കൈ കൂപ്പിയെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല.

ഇന്നലത്തെ നാടകീയ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ  റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് മുഖ്യമന്ത്രി വരുമോ എന്നായിരുന്നു ആകാംക്ഷ. എന്നാൽ മുഖ്യമന്ത്രി ആദ്യമെത്തി. പിന്നാലെ ഗവർണ്ണർ. മുഖ്യമന്ത്രി കൈകൂപ്പിയെങ്കിലും ഗവർണ്ണർക്ക് കണ്ട ഭാവമില്ല. ആരിഫ് മുഹമ്മദ് ഖാൻ പിന്നെ അതിവേഗം ചടങ്ങുകളിലേക്ക് തിരിഞ്ഞു.

കേന്ദ്ര നേട്ടം പറയുമ്പോൾ മോദിക്ക് കീഴിലെന്ന് എടുത്തുപറഞ്ഞ ഗവർണ്ണർ പക്ഷെ കേരളത്തിന്റെ നേട്ടങ്ങൾ പറഞ്ഞപ്പോൾ പിണറായിയുടെ ഭരണത്തിന് കീഴിലെന്ന് പറഞ്ഞതുമില്ല. സാധാരണ റിപ്പബ്ളിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാണ് സർക്കാറിനെ കുറിച്ച് ഗവർണ്ണർ പരാമർശിക്കുക. പ്രസംഗ ശേഷം ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും ഇരുന്നത് അടുത്തടുത്ത കസേരകളിലായിരുന്നു.
എന്നാൽ ഒരക്ഷരം ഇരുവരും മിണ്ടിയില്ല, ഒന്ന് നോക്കുകപോലും ചെയ്തില്ല.

ഇതിനിടെ മുഖ്യമന്ത്രി മന്ത്രിമാരോട് കുശലം പറയുന്നുണ്ടായിരുന്നു. ഇറങ്ങി പോകുമ്പോൾ ഗവർണ്ണർ കൈകൂപ്പി. എന്നാൽ പിണറായി ഗൗനിച്ചില്ല. നടന്ന് പോകുന്നതിനിടെ ഗവ‍ർണ്ണർ സിപിഐ സംസ്ഥാന സെക്രട്ടരി ബിനോയ് വിശ്വത്തോട് അല്പനേരം സംസാരിച്ചു. പിന്നാലെ ബിനോയ് മുഖ്യമന്ത്രിയോടു പോയി സംസാരിച്ചു. പറഞ്ഞതെന്താണെന്ന് അറിയില്ല.  പുതിയ മന്ത്രിമാരുടെ സത്യപ്രതി‍ജ്ഞാ ചടങ്ങിലും ഒരുമിച്ച് ഇരുന്നിട്ടും ഇരുവരും മിണ്ടിയിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe