‘രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെ’; വിമർശനവുമായി ശശി തരൂർ

news image
Jan 31, 2023, 11:33 am GMT+0000 payyolionline.in

ദില്ലി: നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി ശശി തരൂർ എംപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നാണ് ശശി തരൂരിന്റെ വിമർശനം. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും തരൂർ വിമർശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത രാഷ്ട്രപതിയെ ഉപയോഗിക്കുന്നെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

 

കഴിഞ്ഞ 9 വർഷത്തെ കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ പ്രസംഗം. ഇന്ത്യയിലേത് ഭയമില്ലാത്ത നിശ്ചയ ദാർഢ്യമുള്ള സർക്കാരാണെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറിയെന്ന് ദ്രൗപതി മുർമു അവകാശപ്പെട്ടു. കശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതും മുത്തലാഖും പരാമ‍ർശിച്ച രാഷ്ട്രപതി സൗജന്യങ്ങള്‍ക്കെതിരെ പരോക്ഷ മുന്നറിയിപ്പും നൽകി. ഇന്ത്യയിലെ ജനങ്ങളുടെ ആത്മവിശ്വാസം ഉയരത്തിലെന്ന് പറഞ്ഞ രാഷ്ട്രപതി, 2047ല്‍ സ്വയം പര്യാപത ഇന്ത്യ പണിതുയര്‍ത്തുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

അനുച്ഛേദം 370 റദ്ദാക്കുന്നത് പോലുള്ള വലിയ തീരുമാനങ്ങള്‍ സർക്കാര്‍ എടുത്തു. അതിര്‍ത്തിയില്‍ ഇന്ത്യ സുശക്തമായ നിലയാണെന്നും മവോയിസ്റ്റ് ഭീഷണിയുള്ള മേഖലകള്‍ കുറഞ്ഞെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ദേശീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. അഴിമതി മുക്തമായ രാജ്യത്തിനായി സർക്കാര്‍ പോരാടുകയാണ്. സൗജന്യ വാഗ്ദാനങ്ങളെ പരോക്ഷമായി വിമർശിച്ച രാഷ്ടപ്രതി എളുപ്പവഴി രാഷ്ട്രീയം വേണ്ടെന്നും നിർദ്ദേശിച്ചു. രാമക്ഷേത്ര നിർമാണം, ക‍ർതവ്യ പഥ് പാർലമെന്‍റ് നിര്‍മാണം എന്നിവയും രാഷ്ട്രപതി പരാമ‍ർശിച്ചു. സാർക്കാരിന്‍റെേത് ജനദ്രോഹ നടപടികളികളെന്ന് ആരോപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആംആദ്മിപാര്‍ട്ടിയും, ബിആ‍ർഎസു ബഹിഷ്കരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe