പിഎം കെയേഴ്സ് ഫണ്ട് സര്‍ക്കാരിന്റേതല്ല: പ്രധാനമന്ത്രിയുടെ ഓഫിസ് ഹൈക്കോടതിയിൽ

news image
Jan 31, 2023, 11:24 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ പ്രധാനമന്ത്രി അധ്യക്ഷനായ പിഎം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. ഭരണഘടനയുടെയും പാര്‍ലമെന്റോ നിയമസഭകളോ പാസാക്കിയ നിയമങ്ങളുടെയോ അടിസ്ഥാനത്തിലുമല്ല ഫണ്ട് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ടോ പരോക്ഷമായോ ഒരു നിയന്ത്രണവും അതിലില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.പൊതുഖജനാവില്‍ നിന്ന് ഒരു രൂപ പോലും ഫണ്ടിലേക്കു നല്‍കുന്നില്ല. അതുകൊണ്ടുതന്നെ പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഫണ്ടിലേക്കു വരുന്ന സംഭാവനകള്‍ ഏതു വിധത്തില്‍ വിനിയോഗിക്കണമെന്ന് മാര്‍ഗരേഖ തയാറാക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഫണ്ടിലേക്കു വരുന്ന സംഭാവനകളുടെയും ഫണ്ടില്‍നിന്ന് നല്‍കുന്ന സഹായങ്ങളുടെയും വിവരങ്ങള്‍ പിഎം കെയേഴ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടുകളും യഥാസമയം പ്രസിദ്ധീകരിക്കാറുണ്ടെന്നും പിഎംഒ കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുടെ മാതൃകയിലാണ് പിഎം കെയേഴ്സ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ദേശീയചിഹ്നവും ‘gov.in’ എന്ന സര്‍ക്കാര്‍ ഡൊമെയ്നും ഉപയോഗിക്കുന്നതെന്നുെം പിഎംഒ അവകാശപ്പെട്ടു.

ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദമനുസരിച്ച് പിഎം കെയേഴ്സ് ഫണ്ടിനെ ‘സ്റ്റേറ്റ്’ അഥവാ സര്‍ക്കാരിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സാമ്യക് ഗാങ്‍വാളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സംഭാവനകള്‍, വിനിയോഗം എന്നിവ കൃത്യമായി വെളിപ്പെടുത്തുകയും നിയമാനുസൃതം ഓഡിറ്റിങ് നടത്തുകയും ചെയ്യണം. സര്‍ക്കാരിന്റെ ഭാഗമല്ലെന്നാണ് നിലപാടെങ്കില്‍ അക്കാര്യം പൊതു‍ജനങ്ങളെ കൃത്യമായി അറിയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe