ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ബി.ജെ.പിയുടെ വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വ്യക്തമാക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ. ഈ നിയമം പിൻവലിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ 3.5 കോടി ന്യൂനപക്ഷങ്ങളുണ്ട്. പാക്കിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള പാവപ്പെട്ട കുടിയേറ്റക്കാർക്ക് ഇവിടെ വീടും ജോലിയും നൽകിക്കൊണ്ട് തങ്ങളുടെ ജനങ്ങളുടെ പണം ചെലവഴിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
അയൽ രാജ്യങ്ങളിൽ നിന്നുള്ള പാവപ്പെട്ട ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയാൽ വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സി.എ.എ റദ്ദാക്കണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും നിയമം റദ്ദാക്കിയില്ലെങ്കിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.