ലോക്സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു, കൊല്ലത്ത് എം മുകേഷ് പത്രിക നല്‍കി

news image
Mar 28, 2024, 7:41 am GMT+0000 payyolionline.in

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും കാസർകോട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയും പത്രിക നൽകി. കാസര്‍കോട് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത് .രാവിലെ 11.30നാണ് കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെ എത്തി മുകേഷ് പത്രിക കൈമാറിയത്. 11ന് ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് മുകേഷ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. മൽസ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്.

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

 

അതേസമയം,കേരളം ഉൾപ്പെടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം കണക്കിലെടുത്ത് ബീഹാറിൽ ഇന്നും നാമനിർദ്ദേശപത്രിക സമർപ്പിക്കാനാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe