വഞ്ചിയൂർ വിഷ്ണു വധക്കേസ്; ഹൈക്കോടതി സാക്ഷി മൊഴികള്‍ കണക്കിലെടുത്തില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍

news image
Nov 7, 2022, 4:26 am GMT+0000 payyolionline.in

ദില്ലി: ഡി വൈ എഫ് ഐ നേതാവ് വഞ്ചിയൂർ വിഷ്ണു കൊലപാതകത്തിൽ പതിമൂന്ന് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സാക്ഷി മൊഴികൾ അടക്കം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സർക്കാർ അപ്പീലിൽ പറയുന്നു. നാല് ദൃക്ഷസാക്ഷികൾ കേസിലുണ്ടെന്നും എന്നാല്‍, ഹൈക്കോടതി ഇത് പരിഗണിച്ചില്ലെന്നും അപ്പീലിൽ സംസ്ഥാനം പറയുന്നു. വിധിയിലുള്ള ഹൈക്കോടതിയുടെ കണ്ടെത്തലുകൾ അബദ്ധജടിലമാണെന്നും അപ്പീലിൽ ആരോപിക്കുന്നു.

 

സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി അഹമീദാണ് അപ്പീൽ ഫയൽ ചെയ്തത്. 2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് ആർ എസ് എസ്  സംഘം വിഷ്‌ണുവിനെ അക്രമിച്ച് കൊലപ്പെടുത്തിയത്. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർ എസ് എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ്‌ ശിക്ഷയും നൽകി സെക്ഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

സെക്ഷന്‍സ് കോടതി ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് 2022 ജൂലൈ 12 ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് 13 പ്രതികളെയും വെറുതെ വിട്ട് ഉത്തരവിറക്കിയത്. വിഷ്ണു വധക്കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി പ്രഖ്യാപിക്കവെ  കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. രക്തസാക്ഷി ദിനാചാരണങ്ങള്‍  അമ്മമാരുടെയും വിധവകളുടെയും  അനാഥരായ മക്കളുടെയും വേദനക്ക് പകരമാകുന്നില്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണും കോടതി നിരീക്ഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe