വടകര: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസമായി റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. സംശയത്തെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്. തുടർന്ന് വടകര പൊലീസിൽ വിവരമറിയ്ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് നൽകിയത്. കാർ തകരാറായതിനാൽ റോഡിൽ നിർത്തിയതെന്നും ഉടമകൾ പറയുന്നു.
ഉടമയോട് വടകര പൊലീസിൽ ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷമേ തോക്ക് യാഥാർത്ഥ തോക്കാണോയെന്ന് പറയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള തോക്കുമായി സഞ്ചരിക്കാനുള്ള സാഹചര്യവും അന്വേഷിക്കുന്നുണ്ട്.