വടകര: ട്രാക്കിന് ഇരുവശത്തെയും വഴി തടയാൻ റെയിൽവേ വീണ്ടും നടപടി തുടങ്ങി. വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനോട് ചേർന്ന് വർഷങ്ങളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഇന്നലെ അടച്ചത്. ഇത് തീരദേശത്തെ 10 വാർഡിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടായി.
നേരത്തേ ഈ ഭാഗത്തുളളവർ ട്രാക്ക് കടന്ന് എത്തുന്ന നഗരസഭാ ഓഫിസ് പരിസരത്തെ വഴി അടച്ചിരുന്നു.
ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും വഴി തുറന്നിട്ടില്ല. ഇവിടെയും തടസ്സം വന്നതോടെ നൂറു കണക്കിനാളുകൾ ഏറെ ദൂരം ചുറ്റി ലവൽ ക്രോസ് വഴിയാണ് പോകുന്നത്.തീരദേശ വാർഡുകളിലുള്ളവർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതും ഈ വഴിയായിരുന്നു. എന്നാൽ ട്രാക്ക് മുറിച്ചു കടന്നുള്ള അപകടം ഒഴിവാക്കാൻ വഴി അടയ്ക്കണം എന്ന നിലപാടിലാണ് റെയിൽവേ.
ഇവിടെ എത്തുന്നവർക്ക് റെയിൽവേ സ്റ്റേഷനിലെ നടപ്പാലം വഴി നഗരഭാഗത്തേക്ക് വരാൻ സൗകര്യമുണ്ട്. അതു കൊണ്ട് ട്രാക്ക് മുറിച്ചു കടക്കേണ്ടതില്ല. എന്നിട്ടും വഴി അടച്ചതിലാണു നാട്ടുകാർക്ക് പ്രതിഷേധം.വഴി പുനഃസ്ഥാപിക്കുകയോ ഈ ഭാഗത്ത് നടപ്പാലം പണിയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.ബിജു റെയിൽവേ ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകി.