വടകര: ഈയിടെ അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ അനുസ്മരണം ‘സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്’ എന്ന പേരിൽ വടകരയിൽ നടന്നു. ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ ‘ഓർമ്മ മര’മായി സപ്പോട്ട വൃക്ഷത്തൈ നട്ടു. ഛായാ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചുകൊണ്ടുള്ള പുഷ്പ ആദരം, വിദ്യാർത്ഥികളുടെ ആദരവായ വിദ്യാർത്ഥി വന്ദനം, കവിതകൾ ചൊല്ലിക്കൊണ്ട് കാവ്യ ആദരം, ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഗാന ആദരം എന്നിവ നടന്നു.
അനുസ്മരണ പരിപാടി കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. വടകര ആർഡിഒയും പ്രൊഫ. ശോഭീന്ദ്രന്റെ വിദ്യാർത്ഥിയുമായ സി ബിജു അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ എസ് വി ഹൃദാൻ, ആർദ്ര സതീഷ് എന്നിവർ കാവ്യ ആദരവും ശ്രീലക്ഷ്മി ഗാന ആദരവും പി എം തനുശ്രീ, എസ് ഇതൾ എന്നിവർ വിദ്യാർത്ഥിവന്ദനവും നടത്തി. മുൻ ഡിഡിഇ ഇ കെ സുരേഷ് കുമാർ, മണലിൽ മോഹനൻ, ഷാജു ഭായ് ശാന്തിനികേതൻ, മാഹിയിൽ നിന്നുള്ള സാഹിത്യകാരി സി കെ രാജലക്ഷ്മി, പ്രദീപ് ചോമ്പാല, പി രമേശൻ, പി പി രാജൻ, ബി ഇ എം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് നിനു തുഷാര, ഇ പി ജൂബില, നിർമ്മല ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വടകരയിലെ വിവിധ സ്കൂളുകളിൽ നിന്നായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും എൻഎസ്എസ് വളണ്ടിയർമാരും പരിപാടിയിൽ സംബന്ധിച്ചു. ഇവർക്ക് പുറമേ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സാഹിത്യകാരന്മാർ, അധ്യാപകർ, പൊതുപ്രവർത്തകർ തുടങ്ങിയവരും സംബന്ധിച്ചു.