വടകര : വടകര പുതിയ ബസ്‌സ്റ്റാൻഡ് ഭാഗത്ത് അഴുക്കുചാലിലേക്ക് മലിനജലം ഒഴുക്കിവിട്ട സ്ഥാപനങ്ങളെ നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. രാത്രി 12 മണിക്കുശേഷം നഗരസഭാ ആരോഗ്യവിഭാഗംസ്ലാബുകൾ മാറ്റി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ആര്യഭവൻ ഹോട്ടൽ, ആലക്കൽ റെസിഡൻസി എന്നിവയുടെ പരിസരത്തുനിന്നാണ് മലിനജലം പൈപ്പ് വഴി ഒഴുക്കുന്നതെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഇതിൽ ആര്യഭവൻ ഹോട്ടലിൽനിന്നാണ് കൂടുതൽ മലിനജലവുമെന്നാണ് കണ്ടെത്തൽ.
ഇത് പൂട്ടാൻ നിർദേശംനൽകിയിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങൾക്കും 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചതായും നഗരസഭാസെക്രട്ടറി അറിയിച്ചു.ഹെൽത്ത് സൂപ്പർവൈസർ സി.എ. വിൻസെന്റ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബൈർ, സ്റ്റീഫൻ, ടി.കെ. അശോകൻ, സിന്ധു എന്നിവർ പങ്കെടുത്തു.