വടകര: സാൻഡ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് 2 പെരുമ്പാമ്പുകളെ പിടികൂടി. കേന്ദ്രത്തിന്റെ മുന്നിൽ കൂട്ടിയിട്ട പൂട്ടുകട്ടകൾക്ക് ഇടയിലായിരുന്നു പാമ്പുകളെ കണ്ടത്. പൂട്ടു കട്ടകൾക്ക് ഇടയിൽ കാടു വളർന്ന് ഇഴ ജന്തുക്കൾ താവളമാക്കുന്നതായി പരാതിയുണ്ടായിരുന്നു.
പൂട്ടു കട്ടകൾ എടുത്തു മാറ്റാത്തതിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഇന്നലെ മാറ്റാൻ ശ്രമിക്കുമ്പോഴാണ് 3 മീറ്ററോളം നീളമുള്ള 2 പാമ്പുകളെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ചാക്കിലാക്കി. വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി വനം വകുപ്പ് അധികൃതർ എത്തി പാമ്പുകളെ കൊണ്ടു പോയി.