കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ വാഹനം തകരാറിലാണെന്ന് പറഞ്ഞ് കബളിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാലിനെ (24) ആണ് ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിന് പുറകിൽ പിന്തുടർന്നെത്തിയ പ്രതി, ‘ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണ്’ എന്ന് പറഞ്ഞ് ഭയപ്പെടുത്തി പെൺകുട്ടിയെക്കൊണ്ട് വണ്ടി നിർത്തിക്കുകയായിരുന്നു.
വാഹനം നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി, അവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ പിന്തുടർന്ന് വീണ്ടും തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു. തുടർന്ന് ചുള്ളിക്കാട് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. മോഷണം, സ്ത്രീപീഡനം, ലഹരിക്കേസുകൾ തുടങ്ങി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അജ്മൽ.
കുറ്റകൃത്യങ്ങൾ പതിവായതോടെ കാപ്പ നിയമപ്രകാരം ഇയാളെ ഒരു വർഷത്തേക്ക് കോഴിക്കോട് ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം നടത്തിയത്. ചെമ്മങ്ങാട് പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചക്കുംകടവിലെ വീട്ടിൽനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
