വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

news image
Oct 21, 2024, 11:16 am GMT+0000 payyolionline.in

കണ്ണൂര്‍:കണ്ണൂരിൽ വനമേഖലയിൽ മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു. തൃശൂര്‍ സ്വദേശി ഷാൻജിതിനാണ് കടിയേറ്റത്. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിൽ വെച്ചാണ് സംഭവം. സാധാരണയായി നടത്തുന്ന പരിശോധനക്കായാണ് സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലെത്തിയത്.

ഉള്‍വനത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ മരച്ചിലയിൽ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്‍റെ കടിയേല്‍ക്കുകയായിരുന്നു. നടക്കുന്നതിനിടെ ഷാൻജിതിന്‍റെ കൈയ്ക്കാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ ഷാൻജിതിനെ മറ്റുള്ളവര്‍ ചേര്‍ന്ന് പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സിൽ കൊണ്ടുപോവുകയായിരുന്നു.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് മാതൃകയിൽ കേരളത്തിൽ പൊലീസ് രൂപീകരിച്ച കമാന്‍ഡോ സംഘമാണ് കേരള തണ്ടര്‍ബോള്‍ട്ട്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നക്സൽ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബന്ദികളെ വീണ്ടെടുക്കൽ, വിഐപി സുരക്ഷ തുടങ്ങിയ ചുമതലകളാണ് തണ്ടര്‍ബോള്‍ട്ടിനുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe