മുംബൈ: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെയുള്ള പരാതിയിൽ നിലപാടുമായി ബിജെപി വനിതാ എംപി പ്രീതം മുണ്ടെ. പാർട്ടി എംപി എന്ന നിലയിലല്ല, ഒരു സ്ത്രീയെന്ന നിലയിൽ പരാതിക്കാർക്കൊപ്പമാണ്. ഏതു സ്ത്രീയിൽനിന്നും ഇത്തരമൊരു പരാതി കിട്ടിയാൽ തീർച്ചയായും നടപടി എടുക്കേണ്ടതാണ്. ബന്ധപ്പെട്ടവർ നടപടിയെടുത്തുവെന്ന് ഉറപ്പാക്കേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ജനാധിപത്യത്തിൽ സ്വീകാര്യമല്ല’’– എംപി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന ശേഷം ആരോപണമുന്നയിച്ച ഗുസ്തി താരങ്ങളുമായി കേന്ദ്ര സർക്കാർ ആശയവിനിമയം നടത്തിയില്ലെന്ന വിമർശനം അംഗീകരിക്കേണ്ടതാണ്. ബിജെപിയെ സംബന്ധിച്ച് രാജ്യമാണു പ്രധാനം. പിന്നെയാണ് പാർട്ടി. അതിനു ശേഷം മാത്രമാണ് വ്യക്തിതാൽപര്യങ്ങളെന്നും പ്രീത പറഞ്ഞു. ഏത് സർക്കാരായാലും ഇത്തരം വലിയ പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതിരുന്നാൽ അതിന്റെ വില കൊടുക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പ്രീതം മുണ്ടെ.
അതേസമയം, ഗുസ്തി താരങ്ങൾക്ക് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങളും പിന്തുണയുമായെത്തി. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്നും മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും ഇതിഹാസ താരങ്ങള്‍ ആവശ്യപ്പെട്ടു. നാളുകളായി പ്രതിഷേധത്തിലുള്ള വനിതകള്‍ ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങളുടെ സമരം ക്രിക്കറ്റര്‍മാര്‍ കണ്ടെന്ന് നടിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കപില്‍ ദേവും സംഘവും പിന്തുണയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്മേല് കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍മന്ദിറിലുള്ളത്.