‘വന്‍ ഭീഷണി, ഏതുനിമിഷവും മുന്നിലേക്ക് ചാടിയേക്കാം, കൂടുതലും ചെറുറോഡുകളില്‍’; തെരുവുനായകളെ കുറിച്ച് എംവിഡി

news image
Mar 16, 2024, 11:15 am GMT+0000 payyolionline.in

തിരുവനന്തപുരം: റോഡപകടങ്ങള്‍ക്ക് ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് തെരുവുനായകളാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കണക്കുകള്‍ പ്രകാരം റോഡില്‍ അലയുന്ന നായ്ക്കള്‍ മൂലം 1,376 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. ചെറുറോഡുകളിലൂടെ വാഹനമോടിക്കുന്നവര്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് എംവിഡി ആവശ്യപ്പെട്ടു.

എംവിഡി കുറിപ്പ്: അലഞ്ഞു തിരിയുന്ന തെരുവ്‌നായക്കള്‍ ലോകമെമ്പാടുമുള്ള നിരത്തുകളില്‍ വാഹന യാത്രക്കാര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ ഭക്ഷണം തേടി നമ്മുടെ റോഡുകളില്‍ കൂട്ടത്തോടെയും ഒറ്റയായും ഇറങ്ങാറുണ്ട്. ഇത് റോഡ് ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു.

 

കണക്കുകള്‍ പ്രകാരം റോഡില്‍ അലയുന്ന നായ്ക്കള്‍ മൂലം 1,376 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാലത്ത് റോഡപകടങ്ങള്‍ക്കു ഏറ്റവും പ്രധാന  കാരണങ്ങളില്‍ ഒന്നു തെരുവ് മൃഗങ്ങളാണ്. ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കള്‍ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. അതിനാല്‍ ഒരു അടിയന്തരഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടത്. പ്രത്യേകിച്ചും ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe