ന്യൂഡൽഹി: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച സംഭവത്തിൽ 24കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ പാലി ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഹൈഡ്രോഫോബിയയുള്ളയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് പിടിയിലായത്.
കൊലപാതക കുറ്റത്തിന് പുറമേ മനുഷ്യ മാംസം ഭക്ഷിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നായ കടിച്ചതിനെ തുടർന്നാണ് ഇയാൾക്ക് ഹൈഡ്രോഫോബിയ ഉണ്ടായതെന്ന് ഡോക്ടർമാർ അറിയിച്ചു. നായയുടെ കടിയേറ്റതിനെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ഇയാൾക്ക് പേവിഷബാധയേൽക്കുകയായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
വെള്ളിയാഴ്ച സറാദന ഗ്രാമത്തിലാണ് സംഭവമുണ്ടായത്. 65കാരിയായ ശാന്തി ദേവിയാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കാനെത്തിയ ഇവരെ പ്രതി കല്ലുകൊണ്ട് അടിച്ചുവീഴ്ത്തി മാംസ ഭക്ഷിക്കുകയായിരുന്നു.മാനസിക സ്ഥിരതയില്ലാതെ പെരുമാറിയ പ്രതിയെ തങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരന്നുവെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽവെച്ചും ഇയാൾ അക്രമാസക്തനായെന്ന് ഡി.സി.പി അറിയിച്ചു.