വായനാരിത്തോട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ നികത്തി; കോതമംഗലം കോളനിയിൽ വീടുകളിൽ വെള്ളം കയറി

news image
Jul 9, 2025, 5:19 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിലെ കോതമംഗലം ഐ എച്ച് ഡി പി  കോളനിയിൽ ചെറിയ മഴ പെയ്താൽ പോലും കോളനി നിവാസികൾ ദുരിതത്തിലാണ്. കോളനിയിലെ കാലങ്ങളായി വെള്ളം ഒഴുകിപ്പോകുന്ന വഴി  മണ്ണിട്ടു നികത്തിയതിനാൽ വീടുകളിൽ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണ്. ഇരുപത്തഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുടുംബങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിൽ.

കൊയിലാണ്ടി ടൗണിലെ മുഴുവൻ മലിന ജലവും റെയിൽവേ കൾവർട്ടിലൂടെ ഒഴുകി കിഴക്കു ഭാഗത്തെ കോളനി പ്രദേശത്തെ ഓവുചാലു വഴി ഒഴുകി വായനാരി തോട്ടിലൂടെ പുഴയിലേക്കൊഴുക്കുകയാണ് പതിവ്. എന്നാൽ ഈ വർഷം വായനാരിത്തോട്ടിലേക്കുള്ള ഒഴുക്ക് തടഞ്ഞു കൊണ്ട് സ്വകാര്യ വ്യക്തികൾ വഴി മണ്ണിട്ട് നികത്തിയതിനാൽ മുഴുവൻ ജലവും പ്രദേശത്ത് കെട്ടിക്കിടന്ന് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാനും, വീടിനകത്തു നിൽക്കാനും പറ്റാത്ത  ദുരിതത്തിലാണീ പ്രദേശത്തുകാർ. മഞ്ഞപ്പിത്തം, എലിപ്പനി ഡെങ്കിപ്പനി മുതലായ പകർച്ചവ്യാധികൾ ദിനം തോറും പെരുകി വരുന്ന സാഹചര്യത്തിൽ ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് 32-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡൻ്റ് അൻജുഷ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈ. പ്രസിഡൻ്റ് കെ.വി. റീന, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി എം എം ശ്രീധരൻ, വാർഡ് കമ്മിറ്റി ഭാരവാഹികൾ കെ. കെ തങ്കമണി, കെ.യം പ്രേമ, എ.ടി.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe