വികസനത്തിൽ കുതിപ്പുമായി പി.ടി. ഉഷ എം.പി.: 13.83 കോടിയുടെ പദ്ധതികളിൽ 94 എണ്ണത്തിന് ഭരണാനുമതി

news image
Oct 6, 2026, 12:40 pm GMT+0000 payyolionline.in

പയ്യോളി: രാജ്യസഭാംഗം ഡോ. പി.ടി. ഉഷയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലായി ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 13.83 കോടി രൂപയുടെ (₹13,83,38,313) 120 വികസന പദ്ധതികൾ ശുപാർശ ചെയ്തു. ഇതിൽ 9.89 കോടി രൂപയുടെ (₹9,89,88,313) 94 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിനകം 3.81 കോടി രൂപയുടെ 36 പദ്ധതികൾ പൂർത്തീകരിച്ചു.

വിദ്യാഭ്യാസം, കായികം, റോഡ്-അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് അങ്കണവാടികൾ, ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് ബഗ്ഗികൾ, സ്കൂൾ ബസുകൾ തുടങ്ങിയ മേഖലകൾക്കാണ് പ്രധാനമായും മുൻഗണന നൽകിയിട്ടുള്ളത്. വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ പുനരധിവാസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സമർപ്പിച്ച പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിൽ ആധുനിക അങ്കണവാടിയും അനുബന്ധ പാർക്കും നിർമ്മിക്കുന്ന പദ്ധതിക്കും അംഗീകാരമായി.

2026–27 സാമ്പത്തിക വർഷത്തിൽ കായിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് ഡോ. പി.ടി. ഉഷ എം.പി. അറിയിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സ്കൂളുകളിൽ കായിക സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്ന ‘STRIDE 36’ പദ്ധതിക്ക് തുടക്കമിടുകയാണ്. ഇതോടൊപ്പം 5 കോടി രൂപയുടെ വിദ്യാഭ്യാസ, കായിക, ഭിന്നശേഷി സൗഹൃദ, പട്ടികജാതി-പട്ടികവർഗ്ഗ വികസന പദ്ധതികൾ ഈ മാസം 25-ഓടെ ശുപാർശ ചെയ്യും. നോഡൽ ജില്ലയായ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും പിന്തുണ മികച്ച രീതിയിൽ ലഭിക്കുന്നുണ്ടെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും എം.പി. കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe