വിചാരണക്കോടതി മാറ്റില്ല; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

news image
Sep 22, 2022, 5:31 am GMT+0000 payyolionline.in

കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് അതിജീവിതയുടെ വിചാരണക്കോടതി മാറ്റം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി തള്ളിയത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ചുള്ള അന്വേഷണം തടഞ്ഞെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണക്കോടതിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന ചോദ്യം ഹൈക്കോടതി നേരത്തെ ഉയർത്തിയിരുന്നു.

 

അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നിരുന്ന വാദം, ജഡ്ജി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയതോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ എത്തിയത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് അനുമതിയോടെയാണ് സെഷൻസ് കോടതി കേസിന്റെ വിചാരണയ്ക്കു നടപടി ഉണ്ടായത്. ഇതേത്തുടർന്നാണ് കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലെത്തിയത്.

നേരത്തെ അതിജീവിതയുടെ അപേക്ഷയിലാണ് കേസിന്റെ വാദം വനിതാ ജഡിജിയിലേക്കു മാറ്റിയത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ കോടതി മാറ്റം ആവശ്യപ്പെടുന്നതു കേസിൽ വിധി പറയുന്നതു വൈകിപ്പിക്കാനാണ് എന്ന നിലപാടാണു പ്രതിഭാഗം കോടതിയിൽ സ്വീകരിച്ചത്. കേസിന്റെ കോടതി മാറ്റം അനുവദിക്കരുതെന്നു പ്രതിഭാഗം കോടതിയോട് അഭ്യർഥിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് ഹണി എം. വർഗീസിന്റെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്നെ വാദം തുടരുന്നതിനു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe