വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച; കർദിനാൾ ക്ലിമിസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

news image
Dec 3, 2022, 2:32 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാന്‍ സമവായ നീക്കങ്ങൾ സജീവം. ചീഫ് സെക്രട്ടറിയും ലത്തീൻ സഭാ നേതാക്കളുമായുള്ള ചർച്ചക്ക് മുൻകൈ എടുത്ത കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടിലെ അനുനയ നീക്കങ്ങൾ. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്.

ആ‌ർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തിയിരുന്നു. അതിനുശേഷം കർദ്ദിനാൾ ക്ലിമീസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.  ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദ്ദശം പരിഗണനയിലാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാനിടയില്ല.

അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന തർക്ക വിഷയത്തിൽ ധാരണയായിട്ടില്ല. അടുത്തഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിക്കുന്ന നിലയിലെക്കെത്തിക്കാനാണ് മധ്യസ്ഥരുടെ നീക്കം.  മാറാട് മോഡലിൽ ഗാന്ധിസ്മാരകനിധിയും ഒത്തുതീർപ്പിന് ഇറങ്ങുന്നു. ചർച്ചകൾക്കായി കോർ ഗ്രൂപ്പ് ഉണ്ടാക്കി. ഗാന്ധിസ്മാരകനിധി ചെയർമാൻ എൻ രാധാകൃഷ്ണൻ, ജസ്റ്റിസ് ഹരിഹരൻ നായർ, ടി പി ശ്രീനിവാസൻ, ജോർജ്ജ് ഓണക്കൂർ എന്നിവരാണ് കോർ ഗ്രൂപ്പിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe