വി ശിവൻകുട്ടിയുടെ ഇടപെടൽ, സ്കൂൾ ഗെയിംസിനായി പോകുന്നവർക്ക് പ്രത്യേക ബോഗി അനുവദിച്ചു

news image
May 30, 2023, 3:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾക്കും ഒഫീഷ്യൽസിനും റെയിൽവേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. 66-ാ മത് ദേശീയ സ്കൂൾ ഗെയിംസ് ജൂൺ ആറ് മുതൽ 12 വരെ ദില്ലി, ഭോപ്പാൽ, ഗ്വാളിയോർ എന്നിവിടങ്ങളിൽ വച്ചാണ് നടക്കുന്നത്. ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികൾ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക്  കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യേക ബോഗികൾ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചത്.

മെയ് 31ന്  ഉച്ചയ്ക്ക് കേരള എക്സ്പ്രസിൽ  തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്  ആദ്യ സംഘം പുറപ്പെടും. 71 വിദ്യാർത്ഥികൾ അടക്കം 84 പേരാണ്  ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ യാത്രയാക്കാൻ മന്ത്രിയും ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിൽ എത്തും. ജൂൺ ഒന്നിനും രണ്ടിനും കേരള എക്സ്പ്രസ്സിൽ  80 അംഗ സംഘങ്ങൾ യാത്ര തിരിക്കും. ജൂൺ രണ്ടിന് വൈകിട്ട് കൊച്ചിയിൽ നിന്ന് ഹിമസാഗർ എക്സ്പ്രസിൽ 190 പേരും  പുറപ്പെടും.

അത്ലറ്റിക്സ്, സ്വിമ്മിംഗ് ഉള്‍പ്പെടെ 21 ഇനങ്ങളിൽ സീനിയര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.  66-ാ മത് ദേശീയ സ്കൂള്‍ ഗെയിംസ് 2022-23 അക്കാദമിക് വര്‍ഷത്തെ മത്സരമാണ് ഇപ്പോള്‍ നടത്തുന്നത്.  രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ സ്കൂള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. 66-ാ മത് സ്കൂള്‍ ഗെയിംസിൽ  21 ഇനങ്ങളിലായി കേരളത്തെ പ്രതിനിധീകരിച്ച് 255 ആണ്‍കുട്ടികളും 244 പെണ്‍കുട്ടികളും അടക്കം 499 മത്സരാര്‍ത്ഥികളും 88 ഒഫീഷ്യൽസും ഉള്‍പ്പടെ 587 പേര്‍ പങ്കെടുക്കുന്നുണ്ട്.  സ്വിമ്മിംഗ് ഉള്‍പ്പടെ 13 ഗെയിമുകള്‍ ഡൽഹിയിലും അത്ലറ്റിക്സ് അടക്കം 6 മത്സരങ്ങള്‍ ഭോപ്പാലിലും, ഷട്ടിൽ  ബാഡ്മിന്‍റണ്‍, ഹോക്കി എന്നീ മത്സരങ്ങള്‍ ഗ്വാളിയോറിലുമാണ് നടക്കുന്നത്.

ദില്ലിയില്‍ നടക്കുന്ന 13 ഗെയിംസ് മത്സരങ്ങള്‍ 2023 ജൂണ്‍ ആറ് മുതൽ  12 വരെയാണ്. ഛത്രസാൽ  സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ ടീമുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ടീമുകള്‍ ദില്ലിയില്‍  റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജൂണ്‍ അഞ്ചിനാണ്. ദില്ലിയിലെ മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഘാടനവും മാര്‍ച്ച് പാസ്റ്റും അഞ്ചിന് വൈകുന്നേരം ആറിന് നടക്കും.

ഇവിടെ നടക്കുന്ന ടെന്നിസ്, റസലിംഗ്, കബഡി, ചെസ്സ്, തൈക്കാണ്ടോ, ഹാൻഡ് ബോൾ, വെയിറ്റ് ലിഫ്റ്റിംഗ്, അക്വാറ്റിക്സ്, ജിംനാസ്റ്റിക്സ്, ഷൂട്ടിങ്, യോഗ, ബാസ്ക്കറ്റ്ബാൾ, ഖോ-ഖോ എന്നീ മത്സരങ്ങളിൽ  ആകെ 137 ആണ്‍കുട്ടികളും 133 പെണ്‍കുട്ടികളും അടക്കം 270 കുട്ടികളും 51 ഒഫീഷ്യൽസും പങ്കെടുക്കും.

ഭോപാലിൽ  രണ്ട് ഗ്രൂപ്പ് ആയിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.  ആദ്യ ഗ്രൂപ്പ് ജൂണ്‍ ആറ് മുതൽ  ഒമ്പത് വരെ നടക്കും.  ഇതിൽ അത്ലറ്റിക്സ്, ബോക്സിംഗ് മത്സരങ്ങളാണ് ഉള്ളത്.  ഇതിൽ  71 കുട്ടികളും 16 ഒഫീഷ്യൽസും പങ്കെടുക്കും. രണ്ട് ടീമുകളും ഭോപാലിൽ  റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജൂണ്‍ അഞ്ചിനാണ്.  ഉത്ഘാടനം ജൂണ്‍ ആറിന് രാവിലെ എട്ടിനാണ് .
ഭോപാലിലെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരങ്ങള്‍ ഫുഡ്ബോള്‍, ജൂഡോ, വോളിബോള്‍, ടേബിള്‍ ടെന്നീസ് എന്നീ മത്സരങ്ങളാണ്.  ഇതിൽ  89 കുട്ടികളും 14 ഒഫീഷ്യൽസും പങ്കെടുക്കും. ജൂണ്‍ എട്ട് മുതൽ 13 വരെയാണ് ഈ മത്സരങ്ങള്‍.  ഈ മത്സരങ്ങളുടെ ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടത് ജൂണ്‍ രണ്ടിനാണ്.  ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജൂണ്‍ ഏഴിനും ഔദ്യോഗിക ഉത്ഘാടനം എട്ടിന് രാവിലെ എട്ടിനുമാണ്.

ഗ്വാളിയോറിൽ  നടക്കുന്ന മത്സരങ്ങള്‍ ആയ ഹോക്കി, ഷട്ടിൽ  ബാഡ്മിന്‍റണ്‍ എന്നിവ ജൂണ്‍ എട്ട് മുതൽ  12 വരെയാണ്.  ഓണ്‍ലൈന്‍ എന്‍ട്രി ജൂണ്‍ 2 ന് പൂര്‍ത്തിയായിരിക്കണം. ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ജൂണ്‍ ഏഴിനാണ്.  ഉത്ഘാടനം എട്ടിന് രാവിലെ എട്ടിനാണ്.  ഇവിടെ 23 പെണ്‍കുട്ടികളും 23 ആണ്‍കുട്ടികളും അടക്കം 46 കുട്ടികളും ഏഴ് ഒഫിഷ്യൽസും പങ്കെടുക്കും.

കേരള ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ എല്ലാ കുട്ടികളേയും മത്സര വിവരം അറിയിക്കുകയും ഇവരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, പൂര്‍ത്തിയായി വരികയും ചെയ്യുന്നുണ്ട്.  മത്സരങ്ങള്‍ക്കായി പോകുന്നതിനു മുമ്പ് അഞ്ച് ദിവസത്തെ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.  ഇത് കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, കൊല്ലം, തിരുവവന്തപുരം എന്നിവടങ്ങളിലായി നടക്കുന്നു.  ഇതിൽ അത്ലറ്റിക് ടീമിന്‍റെ കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 22 വര്‍ഷങ്ങളായി അത്ലറ്റിക്സിൽ കേരളം ദേശീയ ചാമ്പ്യന്‍മാരാണ്. ആ മികവ് ഈ വര്‍ഷവും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe