വീട്ടിലിരുത്താമെന്ന്‌ ആരും കരുതരുതെന്ന്‌ കെ മുരളീധരൻ

news image
Sep 25, 2023, 9:55 am GMT+0000 payyolionline.in

തിരുവനന്തപുരം> പൊതുപ്രവർത്തനം അവസാനിപ്പിച്ച്‌ വീട്ടിരിലിക്കില്ലെന്നും ആര്‌ വിചാരിച്ചാലും തന്നെ വീട്ടിലിരുത്താനാവില്ലെന്നും കെ മുരളീധരൻ എംപി. കെപിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട്‌ മുരളീധരൻ പരോക്ഷമായി പ്രതികരിച്ചു. ഓരോ വ്യക്തിയും സത്യസന്ധമായാണ്‌ ആത്മകഥ  അവതരിപ്പിക്കുന്നത്‌. പ്രതിപക്ഷ നേതൃസ്ഥാനത്ത്‌ വി ഡി സതീശന്‌ ഭൂരിപക്ഷമുണ്ടായിരുന്നോ എന്ന്‌ നിമസഭാ കക്ഷിയിൽ അംഗമല്ലാതിരുന്ന തനിക്ക്‌ പറയാനാകില്ല. സോളാർ കേസുമായി ബന്ധപ്പെട്ട്‌ ആര്‌ ആത്മകഥ എഴുതിയാലും തനിക്ക്‌ ഭയപ്പെടാനില്ല. ബാക്കിയുള്ളത്‌ കഥകൾ വന്ന ശേഷം പറയാം. ഭാവിയിൽ തങ്ങളൊക്കെ ആത്മകഥ എഴുതുന്നുണ്ട്‌. അതിൽ എന്തെല്ലാമുണ്ടാകുമെന്ന്‌ ഇപ്പോൾ പറയുന്നില്ല.

ആര്‌ മത്സരിക്കണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത്‌ ഹൈക്കമാൻഡാണ്‌. നേതൃത്വം പറയുന്നത്‌ അനുസരിക്കും.  മത്സര രംഗത്ത്‌ മാറി നിൽക്കണമെന്ന ആഗ്രഹമാണ്‌ താൻ അറിയിച്ചത്‌.  ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറിയത്‌ എലിസബത്ത്‌ ആന്റണിക്കാകാം. ആന്റണിയുടെ പാർട്ടിക്കൂറ്‌ ചോദ്യം ചെയ്യാനില്ല. വി ഡി സതീശനും കെ സുധാകരനും തമ്മിൽ വാർത്താസമ്മേളനത്തിലുണ്ടായ തരത്തിൽ പണ്ടും തർക്കങ്ങളുണ്ടായിട്ടുണ്ട്‌. ഇപ്പോൾ കാമറയുള്ളതിനാലാണ്‌  വാർത്തയായത്‌. വി ഡി സതീശന്റെ സ്ഥാനത്ത്‌ താനായിരുന്നെങ്കിൽ അദ്ദേഹത്തിന്‌ മനസിലാകാത്ത ചോദ്യം പറഞ്ഞുനൽകുമായിരുന്നു. താൻ ആരെയും പറ്റിക്കില്ല. സഹായിച്ചിട്ടേയുള്ളൂ.

രണ്ട്‌ ഉപതെരഞ്ഞെടുപ്പ്‌ താൻ കാരണമുണ്ടായി. ഇനി മറ്റൊന്നുണ്ടാകില്ല. പാർലമെന്റിൽ മത്സരിച്ചാൽ പിന്നെ നിയമസഭയിലേക്ക്‌ മത്സരിക്കാനുണ്ടാകില്ല. നേമത്ത്‌ മത്സരിച്ചത്‌ പ്രത്യേക സാഹചര്യത്തിലാണ്‌. തനിക്ക്‌ താൽപര്യമുള്ള വട്ടിയൂർക്കാവിൽ നിന്ന്‌ പോയതും പ്രത്യേക സാഹചര്യത്തിലാണ്‌. കേരളത്തിൽ നിൽക്കാൻ പാർട്ടി അനുവദിച്ചാൽ തനിക്ക്‌ സഞ്ചാരം കുറച്ചുകൂടി എളുപ്പമായിരിക്കും.

കേരളത്തിനായി ഒന്നും ചെയ്യാത്ത കേന്ദ്രസഹമന്ത്രിയാണ്‌ വി മുരളീധരൻ. രണ്ടാം വന്ദേഭാരത്‌ ഉദ്‌ഘാടനം വി മുരളീധരൻ തെരഞ്ഞെടുപ്പ്‌ പര്യടനമാക്കി മാറ്റി. എല്ലാ സീമകളും ലംഘിക്കപ്പെട്ടു.  കാബിനറ്റ്‌ മന്ത്രിയുടെ ഔദാര്യത്തിൽ പ്രവർത്തിക്കുന്ന സഹമന്ത്രി ഇല്ലാത്ത പത്രാസ്‌ കാണിക്കരുത്‌. തന്റെ അറിവില്ലാതെ കേരളത്തിന്‌ ഒന്നും കൊടുക്കരുതെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. പ്രധാനമന്ത്രിയുടെ പിന്നാലെ ഓടുന്നതാണ്‌ സഹമന്ത്രിയുടെ പ്രധാന ജോലിയെന്നും കെ മുളീധരൻ പരിഹസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe